No image available
ഗതികിട്ടാതെ അലയുന്ന ആത്മാവിനെ കുടിയിരുത്തിയിട്ടുള്ള ഇടമാണ് പേനക്കാവ്. ഗതി കിട്ടാതെ അലയുന്ന ആത്മാവിനെയാണ് പേന എന്നു വിശേഷിപ്പിക്കുന്നത്. മരിച്ചയാളുടെ സങ്കല്പത്തിലുള്ള കോലത്തെ പേനത്തിറ എന്നാണ് വിളിക്കുന്നത്. പുലയർ, പറയർ, കരിമ്പാലർ എന്നിവിർക്കിടയിൽ ഈ ആരാധനാസമ്പ്രദായം നിലനിൽക്കുന്നു. വെടിവഴിപാടാണ് പേനക്കാവുകളിലെ പ്രധാന വഴിപാട്. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മന്ത്രവാദപ്പാട്ട് പേനപ്പാട്ട് എന്നറിയപ്പെടുന്നു. ഉത്തരകേരളത്തിലെ മലയർ, പുലയർ, പുള്ളുവർ, പണിയർ എന്നിവർക്കിടയിലാണ് ഇതുള്ളത്. കരുവാൾ, പിള്ളതീനി, തീയരിമാല, അസുരമഹാകാളി, നീർക്കണ്ണി, വെറ്റിലപ്പുളവൻ, കുട്ടിച്ചാത്തൻ, വീരൻ, ഗുളികൻ, ചാമുണ്ഡി തുടങ്ങിയവരെക്കുറിക്ക് മലയരുടെ പേനപ്പാട്ടിൽ സൂചനയുണ്ട്. ഒരാൾ മരിച്ചാൽ പരേതാത്മാവിന് വീതിയുണ്ടാവാനായി മൂന്നാംനാൾ പേനപ്പാട്ട് പാടണമെന്ന് പണിയർക്കിടയിൽ ഒരു ആചാരം നിലനിൽക്കുന്നുണ്ട്.